തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ രണ്ടിന്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അച്ഛന്‍റെ സുഹൃത്തുക്കള്‍ അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വാദം പൂര്‍ത്തിയായി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു. അനുപമയുടെ സമ്മതത്തോടെ കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.
കോളേജില്‍ പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അനുപമയുടെ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശകത്മായി വാദിച്ചു. കുട്ടിയെ ഉപേക്ഷിച്ചതില്‍ വിശദമായ അന്വേഷണം വേണം. അമ്മ നാടുനീളെ കുഞ്ഞിനെ തേടി നടക്കുന്നത് കോടതി പരിഗണിക്കണം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്നും കോടതിയില്‍ അറിയിച്ചു.
അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കുഞ്ഞിനെ തട്ടികൊണ്ട് പോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനമുളള പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നുമുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ കോടതി വിഷയത്തില്‍ പൊലീസിന്‍റെ അഭിപ്രായം തേടിയിരുന്നു. അതേ സമയം കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ശിശുക്ഷേമ സമിതിയിലെ സിസിടിവി പരിശോധിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാരിന്‍റെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ ശിശു വികസന ഡയറക്ടര്‍ ശിശുക്ഷേമ സമിതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ കൈമാറിയെന്ന് പറയുന്ന 2020 ഒക്ടോബറിലെ ദിവസങ്ങളിലെ സിസിടിവി ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയത്. സിസിടിവി നശിപ്പിച്ചെന്ന് ജീവനക്കാരുടേതെന്ന പേരില്‍ പുറത്തുവന്ന ഒരു കത്തിലും ആരോപണം ഉണ്ടായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതാണോ അല്ലയോ എന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്.