പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യത്തിലും കോടതി തീരുമാനമെടുക്കും. അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ആണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂര്‍ത്തിയായത്.

എന്‍ഐഎയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. നേരത്തെ എന്‍ഐഎ കോടതിയാണ് അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയത്. എന്നാല്‍ താഹക്ക് ജാമ്യം നല്‍കിയിരുന്നില്ല.