മുല്ലപ്പെരിയാര്‍; മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തിന് കോടതി അംഗീകാരം; ജലനിരപ്പ് 139.5 അടി വരെ

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താമെന്ന് സുപ്രീം കോടതി. നവംബര്‍ 10 വരെയാണ് 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താനുള്ള അനുമതിയുള്ളത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു. സാഹചര്യമനുസരിച്ച്‌ സമിതിക്ക് ജലനിരപ്പ് പുനപരിശോധിക്കാമെന്നും നവംബര്‍ എട്ടിനകം സത്യവാങ്മൂലം നല്‍കാനും കേരളത്തിനോട് കോടതി നിര്‍ദേശിച്ചു. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.

ഇന്ന് രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടിരുന്നു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജലനിരപ്പ് 138 അടിയെത്തിയത്. സെ​ക്ക​ന്‍​ഡി​ല്‍​ 3800​ ​ഘ​ന​യ​ടി വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.​ 2300​ ​ഘ​ന​യ​ടി​ ​ജ​ലം​ ​ത​മി​ഴ്നാ​ട് ​കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.​ ​

ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഈ മാസത്തെ റൂള്‍ കര്‍വ് പ്രകാരം അംഗീകരിക്കപ്പെട്ട പരമാവധി ജലനിരപ്പായ 138 അടിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി കോടതിയില്‍ ശുപാര്‍ശ നല്‍കിയിരുന്നു. തമിഴ്നാടിന് ഇത് സ്വീകാര്യമായിരുന്നെങ്കിലും കേരളം വിയോജിക്കുകയും പരമാവധി ജലനിരപ്പ് സ്ഥിരമായി 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ, അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.