മുല്ലപ്പെരിയാര്‍; തമിഴ്‌നാടിൻ്റെ ഏകപക്ഷീയ റൂള്‍ കര്‍വ്‌ വിഷയം സങ്കീര്‍ണമാക്കുന്നു; കേരളം സുപ്രീം കോടതിയെ നിലപാട് അറിയിക്കും

കൊച്ചി : തമിഴ്‌നാട്‌ ഏകപക്ഷീയമായി തയാറാക്കിയ റൂള്‍ കര്‍വ്‌ സ്വീകരിക്കുന്നതാണു മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ വിഷയം സങ്കീര്‍ണമാക്കുന്നതെന്നു കേരളം സുപ്രീം കോടതിയെ അറിയിക്കും. തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്‌ പ്രകാരം ഒക്‌ടോബര്‍ 31 വരെ ജലനിരപ്പ്‌ 138 അടിയാണ്‌. അതുകഴിഞ്ഞാല്‍ 142 അടിവരെ ഉയര്‍ത്താന്‍ തമിഴ്‌നാടിനു കഴിയും.

ഈ മാസം 30 വരെ ജലനിരപ്പ്‌ 138 അടിയ്‌ക്കപ്പുറം തുറന്നുവിടാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചാലും റൂള്‍ കര്‍വ്‌ നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്‌ഥര്‍ നിര്‍ദേശം കൃത്യമായി പാലിക്കുമെന്നുറപ്പില്ലെന്നും കേരളം ചൂണ്ടിക്കാട്ടും. കേരളത്തിലെ കാലാവസ്‌ഥാ മാറ്റം കണക്കിലെടുക്കാതെയുള്ള തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്‌ പാലിക്കുന്നതു കേരളത്തിനു ഭീഷണിയാണ്‌.

കാലാവസ്‌ഥയും മുന്‍കാല നീരൊഴുക്കും നോക്കിയാണു റൂള്‍ കര്‍വ്‌ നിശ്‌ചയിക്കുന്നത്‌. ഒരോ മാസവും വ്യത്യസ്‌ത റൂള്‍ ലെവലുകളാണു ഡാമുകള്‍ക്കുണ്ടാകുക. കേരളവും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പ്രത്യേകം റൂള്‍ കര്‍വ്‌ തയാറാക്കിയിട്ടുണ്ട്‌. കേരളത്തിന്റെ കാലാവസ്‌ഥയും മുന്‍വര്‍ഷങ്ങളിലെ നീരൊഴുക്കിന്റെ കണക്കും ഉപയോഗിച്ചാണു സമയബന്ധിതമായ ജലസംഭരണ പരിധി നിശ്‌ചയിക്കേണ്ടത്‌.

തമിഴ്‌നാട്‌ ഭാഗത്തെ കാലാവസ്‌ഥയ്‌ക്കനുസരിച്ചാണു തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്‌. ഇതുതന്നെയാണു കേന്ദ്ര ജലക്കമ്മിഷനും (സി.ഡബ്ല്യു.സി.) അംഗീകരിക്കുന്നത്‌. ഈ നടപടി ഏകപക്ഷീയവും തെറ്റുമാണ്‌. അതിനാല്‍, വിദഗ്‌ധരെ ഉള്‍പ്പെടുത്തി ഇരുസംസ്‌ഥാനത്തിന്റെയും കാലാവസ്‌ഥ പഠിച്ചു പൊതു റൂള്‍ കര്‍വ്‌ തയാറാക്കണമെന്നും കേരളം ആവശ്യപ്പെടും.
കനത്തമഴ പെയ്യുകയും ജനവാസമേഖലകളില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണു ഡാം തുറക്കേണ്ടി വരുന്നതെങ്കില്‍ അതു പ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചേക്കാമെന്നും കേരളം അറിയിക്കും.

ഇന്നലെ രാത്രി തന്നെ മറുപടി ഫയല്‍ ചെയ്യാനാണു കേരളത്തോടു നിര്‍ദ്ദേശിച്ചത്‌. ഇന്നു രണ്ടു മണിക്കാണു സുപ്രീം കോടതി കേസ്‌ വീണ്ടും പരിഗണിക്കുന്നത്‌. സംസ്‌ഥാനത്തിനുവേണ്ടി അഡ്വ. ജയ്‌ദീപ്‌ ഗുപ്‌ത ഹാജരാകും. ബേബി ഡാം ബലപ്പെടുത്താന്‍ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലാണു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ്‌ കേരളത്തിനു തമിഴ്‌നാട്‌ കൈമാറിയത്‌. ഇതാണു സുപ്രീംകോടതിയിലും സമര്‍ച്ചിച്ചത്‌.

കഴിഞ്ഞ ആറു വര്‍ഷമായി റൂള്‍ കര്‍വ്‌ ലഭിക്കണമെന്നു തമിഴ്‌നാടിനോട്‌ സംസ്‌ഥാനം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണു സ്വന്തമായി റൂള്‍ കര്‍വ്‌ തയാറാക്കിയത്‌. തമിഴ്‌നാടുമായുണ്ടാക്കിയ ധാരണകൊണ്ടു പ്രയോജനമില്ലെന്നാണു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇതുവഴി തങ്ങള്‍ തയാറാക്കിയ റൂള്‍ കര്‍വ്‌ കേരളത്തെകൊണ്ട്‌ അംഗീകരിപ്പിക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.