മുല്ലപ്പെരിയാർ വിഷയത്തിൽ ഇന്ന് നിർണായക ദിനം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ഇന്ന് നിർണായക ദിനം. മുല്ലപ്പെരിയാർ വിഷയം വീണ്ടും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജലനിരപ്പ് സംബന്ധിച്ച് ഉന്നതതല സമിതി യോഗത്തിലെ തീരുമാനം അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കും. ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ ആവശ്യപ്പെട്ടത് കേരളം ചൂണ്ടിക്കാട്ടും. ജലനിരപ്പ് 138 അടിയായാൽ സ്പിൽവേ തുറക്കാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

ജലനിരപ്പ് സംബന്ധിച്ച മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ മേൽനോട്ട സമിതി ചെയർമാനും, കേന്ദ്ര ജലകമ്മിഷൻ അംഗവുമായ ഗുൽഷൻ രാജ്, കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്‌നാടിന് വേണ്ടി അഡിഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ വിവരങ്ങൾ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും.

ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണം. എന്നാൽ, ജലനിരപ്പ് 138 അടിയായാൽ സ്പിൽവേ തുറക്കാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഉന്നതതല യോഗത്തിൽ സ്വീകരിച്ച ഈ നിലപാടുകൾ ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിക്കും.

രണ്ട് പൊതുതാൽപര്യഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹർജി.