പിആർഡി ഓഡിയോ–വീഡിയോ ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

തിരുവനന്തപുരം∙ പിആർഡി ഓഡിയോ–വിഡിയോ ഓഫിസറായ ജി.വിനോദ് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തു കാറിൽവച്ച് 25000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പിടിയിലായതെന്നു വിജിലൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.

സർക്കാരിനുവേണ്ടി ഓഡിയോ–വിഡിയോ പ്രോഗ്രാമുകൾ നിർമിച്ചു നൽകുന്ന സ്വകാര്യ സ്ഥാപനത്തിനു വിവിധ പ്രോഗ്രാമുകൾ നിർമിച്ചു നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ നൽകാനുണ്ടായിരുന്നു. സ്ഥാപന ഉടമയായ രതീഷ് പലതവണ വിനോദ് കുമാറിനെ സമീപിച്ചെങ്കിലും ബിൽ മാറി നൽകിയില്ല.

നൽകേണ്ട തുകയുടെ 15% തുകയായ 3.75 ലക്ഷംരൂപ നൽകിയാൽ ബിൽ മാറാമെന്ന് വിനോദ് കുമാർ അറിച്ചു. തുടർന്ന്, രതീഷ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. ആദ്യഗഡുവായ 25,000 രൂപ കൈമാറുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.