സ്‌നേഹം നടിച്ച് മൊബൈലിലൂടെ പന്ത്രണ്ടുകാരിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ സംഭവം: രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: മൊബൈലില്‍ കൂടി സ്‌നേഹം നടിച്ച് പന്ത്രണ്ടുവയസ്സുകാരിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. നാല് ദിവസം മുമ്പ് പൂവാര്‍ ചെക്കടി സ്വദേശിയായ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കന്യാകുമാരി മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ് (25), വിളവന്‍കോട് അയന്തിവിള വീട്ടില്‍ മെര്‍ളിന്‍(29) എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.

പന്ത്രണ്ടുകാരിയെ കാണാതായത് പൊലീസിനെ ദിസങ്ങളോളം വട്ടം കറക്കിയിരുന്നു. രണ്ട് സംഘങ്ങളായി പൊലീസ് മൂന്ന് ദിവസം രാവും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും കണ്ടെത്തിയത്. ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൂവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കുട്ടിയുടെ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതില്‍ സംഭവ ദിവസം നിരന്തരം വിളിച്ചത് തമിഴ്‌നാട്ടുകാരനെന്ന് കണ്ടെത്തിയതോടെ അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ അന്വേഷണത്തിന് രണ്ട് സംഘങ്ങള്‍ രൂപികരിച്ചു. ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഓണ്‍ ചെയ്ത് സുഹൃത്തിനെ വിളിച്ചത് പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഫോണ്‍ തമിഴ്‌നാട് രാമനാഥപുരത്താണെന്ന് ടവര്‍ ലൊക്കേഷന്‍ വഴി മനസിലാക്കിയ പൊലീസിലെ ഒരു സംഘം ഉടന്‍ തന്നെ അങ്ങോട്ട് തിരിച്ചു. പ്രതികളിലൊരാളായ പ്രദീപിന്റെ ബന്ധുവീട്ടില്‍ രാമനാഥപുരം പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും പൊലീസ് എത്തുന്നതിന് മുന്‍പ് കുട്ടിയുമായി സംഘം മുങ്ങി.