കോഴിക്കോട്: നഗ്നതാ പ്രദർശനത്തിനും വിഡിയോ കോളിനും തയാറുള്ള സ്ത്രീയുടെ നമ്പറെന്നു കാട്ടി അശ്ലീല വാട്സാപ് ഗ്രൂപ്പുകളിൽ യുവതിയുടെ മൊബൈൽ നമ്പർ പ്രചരിച്ചു. വിദേശത്ത് നിന്നുൾപ്പെടെ മോശം രീതിയിൽ സംഭാഷണത്തിനും വിഡിയോ കോളിനും ക്ഷണിച്ചു ഫോൺകോളുകൾ എത്തി. വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ സന്ദേശവും ഫോൺകോളുകളുമാണ് രാത്രിയും പകലും എന്നില്ലാതെ എത്തിയത്. സഹിക്കവയ്യാതെ യുവതി ഫോൺ നമ്പർ ഉപേക്ഷിച്ചു.
എല്ലാ സർക്കാർ രേഖകളിലും ബാങ്കുകളിലും നൽകിയ നമ്പറാണ് ഇക്കാരണത്താൽ ഉപേക്ഷിച്ചത്.
ഫോണിൽ വിളിച്ച 19 വയസ്സുകാരനെ ഭീഷണിപ്പെടുത്തിയപ്പോൾ ഗ്രൂപ്പിന്റെ വിവരങ്ങൾ ലഭിച്ചു. താൻ ഈ ഗ്രൂപ്പിൽ ലിങ്ക് വഴി ചേർന്നതാണെന്നും മറ്റൊരാളെയും അറിയില്ലെന്നും വിദ്യാർഥി പറഞ്ഞു. പൊലീസിൽ കേസ് കൊടുക്കാൻ പോകുകയാണെന്നു പറഞ്ഞതോടെ അഡ്മിന്റെ വിവരങ്ങളും വിദ്യാർഥി നൽകി. 116 അംഗങ്ങൾ ഉള്ള ഈ ഗ്രൂപ്പിൽ മിക്കവരും വിദേശത്തു നിന്നുള്ളവരാണ്.
വിഡിയോ കോളിനും കോഴിക്കോട്ടെത്തിയാൽ എല്ലാ കാര്യങ്ങൾക്കും സഹകരിക്കുന്ന യുവതിയാണെന്നും സൂചിപ്പിച്ചാണ് നമ്പർ ഈ ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. അതുപോലെ ഏത് ജില്ലയിൽ എത്തിയാലും ഇത്തരത്തിലുള്ളവരുടെ നമ്പറാണെന്ന് പറഞ്ഞ് വേറെയും നമ്പറുകൾ നൽകിയിട്ടുണ്ട്. മാനഹാനി ഭയന്ന് കോഴിക്കോട്ടെ യുവതി പരാതി നൽകിയില്ല. എന്നാൽ ഇത്തരത്തിൽ ഒട്ടേറെ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാറുണ്ടെന്നും പൊലീസ് പറഞ്ഞു.
ഗ്രൂപ്പ് അഡ്മിനുമായി വ്യക്തിപരമായി ചാറ്റ് ചെയ്താൽ കോളജ് കുട്ടികളുടെ നമ്പറിനായി പണം ആവശ്യപ്പെടും. അല്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു യുവതിയുടെ നമ്പർ അഡ്മിനു നൽകണം. അങ്ങനെ നൽകിയാൽ മറ്റൊരു യുവതിയുടെ നമ്പർ അഡ്മിൻ തരും. പ്രധാനമായും അശ്ലീല വിഡിയോ പങ്കുവയ്ക്കുകയെന്നാണ് ലക്ഷ്യം. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും ഉണ്ടാകും.
സ്ത്രീകളുടെയും മറ്റും നമ്പർ കൈമാറുന്ന ഇത്തരം സംഭവങ്ങൾ കൂടി വരികയാണെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കാറുണ്ടെന്നും സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ് പറഞ്ഞു. ആർക്കെങ്കിലും ഇങ്ങനെ അനുഭവം ഉണ്ടായാൽ സൈബർ സെല്ലിനു പരാതി നൽകാം. പരാതിക്കാരോട് കാര്യങ്ങൾ അറിയാൻ വനിത പൊലീസുകാർ ഉണ്ടാകും. അവർ യൂണിഫോമിൽ ആയിരിക്കില്ല പരാതിക്കാരോട് സംസാരിക്കുക. പരാതിയിൽ പറഞ്ഞ വിഷയങ്ങളുടെ സ്ക്രീൻഷോട്ടോ മറ്റു തെളിവുകളോ പരാതിയോടൊപ്പം സമർപ്പിക്കണം.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇത്തരത്തിൽ അക്കൗണ്ട് രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ വേഗത്തിൽ കുറ്റക്കാരെ കണ്ടെത്താനും സാധിക്കും. മടിച്ചു നിൽക്കാതെ, ഇത്തരം സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനു പരാതി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.