കൊച്ചി: മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ മൊഴിയെടുത്തു. സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റശേഷം മോൻസൺ മാവുങ്കൽ പോലീസ് ആസ്ഥാനത്തെത്തുകയും ഡിജിപിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പമാണ് മോൻസൺ എത്തിയത്.
ആറുപേരടങ്ങുന്ന സംഘമാണ് ഡി.ജി.പിയെ കണ്ടത്. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ എന്ന നിലയ്ക്കാണ് ഇവർക്ക് കാണാൻ അനുമതി നൽകിയതെന്ന് ഡി.ജി.പി. അനിൽകാന്തിന് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. കൂടിക്കാഴ്ച നടത്തി മടങ്ങുന്നതിന് മുൻപ് മോൻസൺ ഒരു ഉപഹാരം അനിൽകാന്തിന് നൽകി.
ഇതിന്റെ ചിത്രം എടുക്കുമ്പോൾ, ആറുപേരും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഈ ഫോട്ടോയിൽനിന്ന് മറ്റ് പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളുടെ ചിത്രം ക്രോപ് ചെയ്ത് മാറ്റി മോൻസണും ഡിജിപിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എന്നതാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഉന്നത പോലീസ് ബന്ധമുള്ള മോൻസൺ, പോലീസ് ക്ലബ്ല് അടക്കം താമസത്തിന് ഉപയോഗിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.