ആഢംബര കപ്പലിലെ ലഹരിമരുന്ന് വേട്ട; ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതിയും

മുംബൈ: ആഢംബര കപ്പിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതിയും. കേസിലെ വാദം നാളെയും തുടരുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് നിതിന്‍ സാംബ്രെയയാണ് ഹര്‍ജി പരിഗണിക്കുന്നത്.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് ആര്യന്‍ഖാന്റെ ജാമ്യ ഹര്‍ജി തള്ളുന്നത്. കഴിഞ്ഞ നാല് വട്ടവും പ്രത്യേക മയക്കുമരുന്ന് വിരുദ്ധ കോടതി ആര്യന് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ്ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഇന്ന് ഹാജരായത്.

ആര്യന്‍ഖാന്റെ പ്രായം പരിഗണിച്ച് ആര്യനെ ജയിലില്‍ നിന്നും മാറ്റി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന റോത്തഗിയുടെ വാദം കോടതി അംഗീകരിച്ചില്ല. പകരം ബുധനാഴ്ചത്തേക്ക് വാദം നീട്ടുകയായിരുന്നു. ആര്യന്റെ ജാമ്യ ഹരജിയില്‍ ബുധനാഴ്ച ഉച്ചക്ക് 2.30നായിരിക്കും ഇനി കോടതിയുടെ വാദം പുനരാരംഭിക്കുക.

ഒക്ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയാണ് ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മകനായ ആര്യന്‍ ഖാന്‍. ആര്യന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവര്‍ത്തിച്ച് വാദിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഢംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു.ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.

ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍ സി ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍ സി ബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്. ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആര്യന്‍ ഖാനെ കാണാന്‍ ഷാരുഖ് ഖാന്‍ ജയിലിലെത്തിയിരുന്നു.