ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി; നാല്‌പേരെ കണ്ടെത്താനായില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി. നാല് പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 17 മുതല്‍ ആരംഭിച്ച ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഇതുവരെ 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍സിങ് ധാമി പറഞ്ഞു.

ബാഗേശ്വര്‍ ജില്ലയിലെ സുദര്‍ധുംഗ ട്രെക്കിങില്‍ ആറ് ട്രെക്കര്‍മാരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.കഫ്നി ഹിമാനിയില്‍ കുടുങ്ങിയ 19 പേരെ രക്ഷപ്പെടുത്തിയതായും
പിണ്ടാരി ഹിമാനിയില്‍ കുടുങ്ങിയ 33 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.അതേസമയം ഉത്തരകാശി ജില്ലയിലെ ചിത്കുളിലേക്കുള്ള വഴിയില്‍ കാണാതായ രണ്ട് ട്രെക്കര്‍മാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

12 അംഗ സംഘത്തില്‍പ്പെട്ട ഏഴ് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. ജീവനോടെ രക്ഷപ്പെട്ട സംഘത്തില്‍പ്പെട്ട മറ്റ് രണ്ട് അംഗങ്ങള്‍ ദിവസങ്ങളായി ചികിത്സയിലാണ്. മുഖ്യമന്ത്രി ധാമി മഴക്കെടുതിയില്‍ തകര്‍ന്ന ഗൗള പാലം സന്ദര്‍ശിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അറിയിച്ചു.