മഴ:റാന്നിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; മണ്ണാര്‍ക്കാട് വീടുകളില്‍ വെള്ളം കയറി

പത്തനംതിട്ട: ശക്തമായ മഴയില്‍ റാന്നി അടിയാന്‍കാലയിലും കരുമ്പന്‍മൂഴിയിലും, ആങ്ങമൂഴി കോട്ടമണ്‍പാറയിലും ഉരുള്‍പൊട്ടല്‍. ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശങ്ങളിലാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാശനഷ്ടമുണ്ടായ അതേ സ്ഥലങ്ങള്‍ വീണ്ടും വെള്ളത്തിലായി.

കോട്ടമണ്‍പാറയില്‍ കാര്യമായ മഴയില്ലെങ്കിലും കരിമ്പന്‍മൂഴിയില്‍ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമല്ല. ആളപായമില്ലെന്നാണ് സൂചന.

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ശക്തമായ മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. അട്ടപ്പാടി ചുരത്തിലും ശക്തമായ മഴ പെയ്യുകയാണ്. അതേസമയം, സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അടുത്ത 3 മണിക്കൂറിലെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.