തോമസ് മാർ അത്താനാസിയോസിന്റെ അസ്വാഭാവിക മരണത്തിൽ കേസെടുത്തു

കൊച്ചി:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിന്റെ അസ്വാഭാവിക മരണത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഗീവർഗീസ് മാർ യൂലിയോസ് രണ്ടാം പ്രതിയും മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മൻ മൂന്നാംപ്രതിയുമാണ്. എറണാകുളം എ.സി.ജെ.എം. കോടതിയുടെ ഉത്തരവിലാണ് പോലീസിന്റെ നടപടി.

കൊലപാതകക്കുറ്റവും ക്രിമിനൽ ഗൂഢാലോചനക്കുറ്റവുമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികൾ മാർ അത്താനാസിയോസിനെ കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്നും അഹമ്മദാബാദ്-എറണാകുളം തീവണ്ടിയിൽ യാത്ര ചെയ്തുകൊണ്ടിരുന്ന മാർ അത്താനാസിയോസിനെ എറണാകുളം പുല്ലേപ്പടി ജങ്ഷന് സമീപത്തുവെച്ച് തീവണ്ടിയിൽനിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.

2018 ഓഗസ്റ്റ് 24-ന് പുലർച്ചെ 4.10-നായിരുന്നു സംഭവം. നേരത്തേ എറണാകുളം നോർത്ത് പോലീസ് നടത്തിയ കേസന്വേഷണം അപകട മരണം എന്ന കണ്ടെത്തലോടെ അവസാനിപ്പിക്കുകയായിരുന്നു. മാർ അത്താനാസിയോസിന്റെ മരണം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് സ്വദേശി തോമസ് ടി. പീറ്റർ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും കേസന്വേഷിക്കാൻ ഉത്തരവായത്.

കുറ്റകൃത്യം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ വന്ന രണ്ടാം പ്രതിയുടെ സംഭാഷണമാണ് നിർണായക തെളിവായി കണക്കാക്കുന്നത്. ഇതിനെക്കുറിച്ച് പോലീസിന്റെ അന്വേഷണം നടന്നിരുന്നില്ല. ഐ.പി.സി. 302, 120 ബി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തമോ വരെ ശിക്ഷയോ ലഭിക്കാവുന്ന വകുപ്പുകളാണിത്.