ചെന്നൈ: പൊടുന്നനെ സര്‍ക്കാര്‍ ബസില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ടപ്പോള്‍ പൊതുജനങ്ങളും യാത്രക്കാരും ഒന്ന് അമ്പരന്നു. പിന്നീട് ചിരിയായി. ത്യാഗരായ നഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് പോവുകയായിരുന്ന M19B എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍റെ മിന്നല്‍ സന്ദര്‍ശനം.
ശനിയാഴ്ച രാവിലെ സോളിങ്കനല്ലൂര്‍ നിയമസഭ മണ്ഡലത്തിലുള്‍പ്പെട്ട കണ്ണകിനഗറിലെ കൊറോണ വാക്സിനേഷന് ക്യാമ്പ് സന്ദര്‍ശിച്ച് മടങ്ങവെയാണ് സ്റ്റാലിന്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. സ്റ്റാലിന്‍ കാറില്‍ നിന്നും ഇറങ്ങിയതോടെ ഉടനടി അകമ്പടി കാറുകളില്‍ നിന്ന് പൊലീസുകാരും ഇറങ്ങി. യാത്രക്കാര്‍ സീറ്റില്‍ നിന്ന് എണീറ്റ് കൈകൂപ്പി നിന്നു.
ബസിലെ സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മുഖ്യമന്ത്രി കുശലാന്വേഷണം നടത്തി. ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് സംബന്ധിച്ചും ചോദിച്ചറിഞ്ഞു. പലരും മൊബൈല്‍ ഫോണില്‍ രംഗം പകര്‍ത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങി കാറില്‍ കയറി സെക്രട്ടറിയേറ്റിലേക്ക് തിരിച്ചു. ഇതിന് മുമ്പ് സ്റ്റാലിന്‍ റേഷന്‍കടകളും പൊലീസ് സ്റ്റേഷനുകളും മറ്റും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.