കണ്ണൂർ: ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പ്. നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി ജ്വല്ലറി ജനറൽ മാനേജരായ മുസ്ലിം ലീഗ് നേതാവ് മുങ്ങി.
ലീഗിന്റെ കണ്ണൂർ പുഴാതി മേഖല പ്രസിഡന്റ് കെ.പി. നൗഷാദാണു മുങ്ങിയത്. പണം നഷ്ടപ്പെട്ട ഏഴുപേർ കണ്ണൂർ എസിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയതായി അറിയുന്നു.
കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ. ഗോൾഡിൽ മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്. ജനറൽ മാനേജരെന്ന നിലയിലാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്.
കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്.
ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്തിരുന്നു.