ആർഎസ്എസും എസ്എഫ്ഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ആർഎസ്എസും എസ്എഫ്ഐയുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു. ഇനിയെങ്കിലും മാറ്റംവരുത്താൻ അവർ തയ്യാറാകണമെന്നും അരുൺ പറഞ്ഞു.

‘എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം കെ എം അരുണിൻ്റെ നേതൃത്വത്തിലാണ് എംജി സർവകലാശാലയിൽ എഐഎസ്എഫ് നേതാക്കളെ ആക്രമിച്ചത്. പുരോഗമനം പറയുമ്പോൾ അത് ക്യാമ്പസുകളിൽ നടപ്പിലാക്കാൻ കൂടി എസ്എഫ്ഐ ശ്രമിക്കണം. എസ്എഫ്ഐ കിണറ്റിലകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് മാറരുത്. അവിടെ നിന്ന് മറുകരയിലേക്ക് ചാടി ഞങ്ങളാണ് വലുതെന്ന് കേരളത്തിൽ അവർക്ക് പറയാൻ കഴിയും. കേരളം വിട്ടാൽ അവരുടെ അവസ്ഥ എന്താണെന്ന് ദേശീയ നേതൃത്വത്തോട് കേരളത്തിലെ നേതാക്കൾ ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്’, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സ്വാതന്ത്യം, ജനാധിപത്യം സോഷ്യലിസം എന്ന് കൊടിയിൽ രേഖപ്പെടുത്തുമ്പോൾ അതിന്റെ അർത്ഥമെന്താണെന്ന് താഴേത്തട്ടിലുള്ള പ്രവർത്തകരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. എംജി സർവകലാശാലയിൽ മാത്രമുള്ള പ്രശ്നമല്ല ഇത്. തിരുവനന്തപുരത്തുമുണ്ടായി അക്രമം. അവിടെ നിന്ന് പാഠം പഠിച്ചിട്ടില്ല.

എസ്എഫ്ഐക്ക് മാത്രം വിജയിക്കുവാൻ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ കോളേജുകളിലെ തിരഞ്ഞെടുപ്പ് പരിഷ്കരിക്കുകയാണ്. ജനാധിപത്യമില്ല. ഇടതുമുന്നണി സർക്കാർ ഇതിൽ അടിയന്തരമായി ഇടപെടാൻ തയ്യാറാകണം.

കേരളത്തിലെ കലാലയങ്ങളിൽ ഫാസിസ്റ്റ് പ്രവണത ഉണ്ടായികൊണ്ടിരിക്കുകയാണ്. എബിവിപിയും ആർഎസ്എസും എസ്എഫ്ഐയും തമ്മിൽ എന്താണ് വ്യത്യാസം. രാജ്യത്തെ മറ്റു കലാലയങ്ങളിൽ ആർഎസ്എസും എബിവിപിയും ചെയ്യുന്ന അതേകാര്യങ്ങൾ തന്നെയാണ് കേരളത്തിൽ എസ്എഫ്ഐ ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരു പെൺകുട്ടിക്കുനേരെ രാജ്യത്ത് മറ്റെവിടെയെങ്കിലുമായിരുന്നു ഇത്തരം ആക്രമണം നടന്നിരുന്നതെങ്കിൽ കൊടിയും പിടിച്ച് കേരളത്തിലെ സർവകലാശാലകൾ മുഴുവൻ ഇവർ ജാഥ നടത്തുമായിരുന്നു. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ തെറ്റ് പറ്റിയെന്ന് പോലും പറയാൻ തയ്യാറാകാതിരിക്കുന്നതെന്നും എഐഎസ്എഫ് ചോദിച്ചു.