തിരുവനന്തപുരം: ലെവല്‍ക്രോസില്ലാത്ത കേരളം’ പദ്ധതിയിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണം വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആര്.ഒ.ബി നിര്‍മാണപുരോഗതി വിലയിരുത്താന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
’72 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണം യോഗം വിലയിരുത്തി. നിര്‍മാണത്തിലുള്ള 11 റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ അടുത്ത സെപ്റ്റംബറിനകം പൂര്‍ത്തിയാക്കാനാകും. നിര്‍മാണം ആരംഭിക്കാന്‍ പോകുന്ന മൂന്ന് ആര്.ഒ.ബികള്‍ 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഷെഡ്യൂളിനും യോഗം അംഗീകാരം നല്കി. 27 ആര്.ഒ.ബികളുടെ ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് റെയില്‍വേയുടെ അംഗീകാരം ലഭിച്ചു. 14 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്’- മന്ത്രി വ്യക്തമാക്കി.
’17 ആര്.ഒ.ബികളുടെ പദ്ധതി രേഖ തയാറാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതില്‍ 67 എണ്ണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് നിര്‍മാണചുമതല. ആര്.ഒ.ബികളില്‍ ആദ്യഘട്ടത്തില്‍ സ്റ്റീല്‍ കോണ്‍ക്രീറ്റ് കോംപസിറ്റ് രീതി അനുസരിച്ച് നിര്‍മിക്കുന്ന 10 എണ്ണത്തില്‍ അഞ്ചെണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു’-മന്ത്രി പറഞ്ഞു.