ബീജിങ്: തുടർച്ചയായ അഞ്ചാം ദിവസം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ച് ചൈന. പുതിയ കേസുകൾ കണ്ടെത്തിയ രാജ്യത്തിന്റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. വിനോദസഞ്ചാരികളിൽനിന്നാണ് രോഗം പകർന്നതെന്നാണ് സൂചന.
ഇന്ന് 13 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ 492 പേർക്ക് രോഗമുള്ളതായി വേൾഡോമീറ്റർ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വ്യാപക കൊറോണ പരിശോധന നടത്തി. 2019ൽ ചൈനയിലെ വുഹാനിലായിരുന്നു കൊറോണ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകമാകെ വ്യാപിക്കുകയായിരുന്നു.
കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തിയാണ് രാഷ്ട്രങ്ങൾ രോഗപ്പകർച്ച തടഞ്ഞത്. അതേസമയം രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയത്.
പിന്നാലെ വടക്കുപടിഞ്ഞാറൻ ചൈനയിലെ ലാൻഷോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളോട് അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോകുന്നവർ കൊറോണ നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കണം.
സിയാനിലെയും ലാൻഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കി. ഇന്നർ മംഗോളിയയിലെ എറെൻഹോട്ട് നഗരത്തിൽനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചു. താമസക്കാർ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും നിർദേശം നൽകി.