തിരുവനന്തപുരം/കോഴിക്കോട് : സ്വതന്ത്രമായി പ്രതികരിക്കുമെന്ന് വ്യക്തമാക്കി ഇടതു സഹയാത്രികൻ ചെറിയാന്‍ ഫിലിപ്പ്. . ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപിയും . ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നത് പാര്‍ട്ടിക്ക് കരുത്താകുമെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ പറഞ്ഞു.
കെ കരുണാകരനുമായി ചെറിയാന്‍ ഫിലിപ്പിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
”ചെറിയാന്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സന്തോഷമാണ്. 2011ല്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചിരുന്നെങ്കിലും വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു. എല്ലാ ഓണത്തിനും ന്യൂയറിനും അദ്ദേഹമാണ് തനിക്ക് ആദ്യസന്ദേശമയക്കാറ്. ചുരുക്കം ചിലര്‍ക്കെ താന്‍ മറുപടി അയക്കാറുള്ളു. അതില്‍ ഒന്ന് ചെറിയാന്‍ ഫിലിപ്പ് ആണ്. എന്റെ പിതാവുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നാല്‍ അത് പാര്‍ട്ടിക്ക് കരുത്താകും. എന്നാല്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്,” മുരളീധരന്‍ പറഞ്ഞു.
നേരത്തെ,ചെറിയാൻ ഫിലിപ്പ് തൻ്റെ നിലപാട് വ്യക്തമാക്കി ഫെയ്സ് ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. സിപിഎം സഹയാത്രികനായി ഇനിയില്ലെന്ന് പറയാതെ പഞ്ഞായിരുന്നു നിലപാട് വ്യക്തമാക്കിയത്.
” ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം.
രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.
കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.”
പിണറായി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ചെറിയാന്‍ ഫിലിപ്പ് കുറെ ദിവസങ്ങളായി രംഗത്തുണ്ട്. നെതര്‍ലാണ്ട്‌സ് മാതൃകയെ കുറിച്ച് അവിടെപ്പോയി പഠിച്ച ശേഷമുള്ള തുടര്‍നടപടി ആര്‍ക്കുമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ചെറിയാന്റെ വിമര്‍ശനം. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു ചെറിയാന്‍.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലെഴുതി.
ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കാനുള്ള ഉത്തരവ് റദ്ദാക്കിയിരുന്നു. പദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പും അറിയിച്ചിരുന്നു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
രണ്ടര പതിറ്റാണ്ടായി ഇടത് സഹയാത്രികനാണ് ചെറിയാന്‍ ഫിലിപ്പ്. നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം അതൃപ്തനായിരുന്നു.