തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയില്‍ വിതുര മീനാങ്കല്‍ പന്നിക്കുഴിയില്‍ മലവെള്ളം ഇറങ്ങി ഒരു വീട് പൂര്‍ണ്ണമായും 15 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഉച്ചയ്ക്ക് ശേഷം വനമേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത നാശമുണ്ടായി. പ്രദേശത്തുള്ളവരെ മീനാങ്കല്‍ ട്രൈബല്‍ സ്കൂളിലേക്ക് മാറ്റി. നെടുമങ്ങാട് തഹസിൽ ദാരുടെ നേതൃത്വത്തില്‍ മാറ്റുന്നു. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിങ്ങനെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് . മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം.
തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31വരെയുള്ള തുലാവര്‍ഷ സീസണില്‍ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലര്‍ച്ചയോടെ മഴ ശമിച്ചിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി നാലായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്
മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തില്‍ എല്ലായിടത്തും മുന്‍കരുതലെടുത്തെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തില്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത്.