കള്ളനെ പിടികൂടിയ മലയാളി പത്രപ്രവർത്തകൻ കോയമ്പത്തൂരിലെ താരം

കോയമ്പത്തൂർ: കള്ളനെ പിടികൂടിയ മലയാളി പത്രപ്രവർത്തകൻ കോയമ്പത്തൂരിലെ താരം.കോയമ്പത്തൂർ വിമാനത്താവളത്തിനു സമീപത്തെ മലയാളിയുടെ കമ്പ്യൂട്ടർ സർവീസ് സെന്ററിൽ കയറിയ മോഷ്ടാവിനെ സൂത്രത്തിൽ പിടികൂടിയാണ് പത്രപ്രവർത്തകൻ താരമായത്. മാനന്തവാടി തവിഞ്ഞാൽ സ്വദേശി വിൽസൺ തോമസാണ് താരം.

എട്ടോളം മോഷണക്കേസുകളിൽ പ്രതിയായ ശരവണൻ ജാമ്യത്തിലിറങ്ങിയാണ് മലപ്പുറം സ്വദേശിയും നീലാമ്പൂരിലെ അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ സിദ്ദിഖിന്റെ കടയിൽ പുലർച്ചെ മോഷ്ടിക്കാൻ കയറിയത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ മൊബൈലിൽ കൂടി ഇടയ്ക്കിടെ കാണുന്ന സിദ്ദിഖ് ചൊവ്വാഴ്ച പുലർച്ചെ നോക്കുമ്പോൾ കടയ്ക്കകത്ത് ആളെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സുഹൃത്തും അയൽക്കാരനുമായ മാനന്തവാടി തവിഞ്ഞാൽ സ്വദേശി വിൽസൺ തോമസുമായി സ്ഥലത്തെത്തി.

മോഷണമുതൽ ഒന്നും ലഭിക്കാത്ത ശരവണൻ, ആയുധങ്ങളുമായി ബസ്സിൽ കയറുന്നത് ഇവർ കണ്ടു. ഉടൻതന്നെ അതേ ബസ്സിൽ കയറി ഡ്രൈവറോട് മോഷ്ടാവ് ബസ്സിൽ ഉണ്ടെന്നും പീളമേട് പോലീസ് സ്റ്റേഷനിൽ വണ്ടി എത്തിക്കണമെന്നും അഭ്യർത്ഥിച്ചതോടെ ബസ്സ് നേരെ സ്റ്റേഷനുമുന്നിൽ നിർത്തി. ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച മോഷ്ടാവിനെ സിദ്ദിഖും വിൽസണും അല്പം ബലം പ്രയോഗിച്ച് കീഴടക്കി പോലീസിനെ ഏൽപ്പിച്ചു. ഇയാളിൽനിന്ന് മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെടുത്തു.

കുറ്റവാളിയെ തെളിവുകളോടെ സ്റ്റേഷനിലെത്തിച്ച് ഹാജരാക്കിയ ഇരുവരെയും പോലീസ് അഭിനന്ദിച്ചു. പോലീസിനെ കണ്ട് ഇറങ്ങിയോടിയ മോഷ്ടാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതും മലയാളികൾ. സിട്ര ബസ് സ്റ്റോപ്പിലെ കമ്പ്യൂട്ടർ സെന്ററിൽ മോഷ്ടിക്കാൻ കയറിയ ഗണപതി മാനഗർ ഭാരതി നഗർ സ്വദേശി ശരവണൻ (59) നെ പോലീസ് അറസ്റ്റ് ചെയ്തു.