ന്യൂഡെൽഹി: രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ 100 കോടി ഡോസ് വാക്‌സിന്‍ നല്‍കി. കൊറോണ ബാധിച്ചവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കി. വിദ്യാഭ്യാസവും ചികിത്സയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിനാലാണോ വിലവര്‍ധനവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ധന വില വര്‍ധിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ധന വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ധന വിലര്‍ധനവ് ദിനം പ്രതി വര്‍ധിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 100 കടന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയിലും സമീപകാലത്ത് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണ്. ഇന്ധന വില വര്‍ധനവ് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. ഇന്ധന വില വര്‍ധനവ് തടയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യ ഉയര്‍ന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും എതിര്‍ത്തു. അടിക്കടി ഉയരുന്ന പാചക വാതക വിലയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.