തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാൾ. ലളിതമായ ചടങ്ങുകളോടെയാണ് കുടുംബാഗങ്ങള്‍ വിഎസിന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വി എസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.
2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ അത് ഒഴിഞ്ഞിരുന്നു.
ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളിൽ കിടക്കയിൽ തന്നെ ആയിരുന്ന വിഎസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. വീട്ടിനകത്തു നീങ്ങുന്നതു കൂടുതലും വീൽ ചെയറിൽ തന്നെയാണ്. പത്രം ദിവസവും വായിച്ചു കേൾക്കും. ടെലിവിഷൻ വാർത്തകളും മുടക്കാറില്ല. കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാർത്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നു മകൻ വി.എ.അരുൺ കുമാർ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ശക്തനായ വക്താവായിരുന്നു വിഎസ്. ഗാഡ്ഗിലിന്റെ നിർദേശങ്ങൾ അദ്ദേഹം ഈ ദിവസങ്ങളിൽ ഓർമിച്ചെന്നും അരുൺ പറഞ്ഞു.
കൊറോണ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. പഴയ സഹപ്രവർത്തകരും സുഹൃത്തുക്കളും പാർട്ടി സഖാക്കളുമെല്ലാം വീട്ടിൽ വിളിച്ചു സ്നേഹാന്വേഷണങ്ങൾ നടത്താറുണ്ട്. കേക്കിന്റെയും പായസത്തിന്റെയും പ്രിയപ്പെട്ടവരുടെ ആശംസകളുടെയും മധുരം ഇന്ന് ‘വേലിക്കകത്ത്’ വീടിൽ നിറയും.