കൊച്ചി: ഇടമലയാർ ഡാമിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയരുമെന്ന് സൂചന. ഒരു മീറ്ററിലേറെ ജലനിരപ്പ് കൂടാനാണ് സാധ്യത. ഇടമലയാർ ഡാമിൻ്റെ രണ്ട് ഷട്ടറുകൾ 80 സെൻ്റീമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 100 ക്യുബിക്ക് മീറ്റർ വെള്ളമാണ് പുറത്തേക്ക് വരുന്നത്.
വൈകുന്നേരം നാലോടെ ജലം പെരിയാറിൽ കാലടി, ആലുവാപ്രദേശങ്ങളിലെത്തും. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററിലേറെ ഉയരാം. ഇടുക്കി ഡാം കൂടി ഇന്ന് രാവിലെ ഉയർത്തുന്നതോടെ രാത്രിയോടെ ജല നിരപ്പ് വീണ്ടും കൂടാനാണ് സാധ്യത. വൻതോതിൽ ജലപ്രവാഹമുണ്ടായാൽ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഇടുക്കിയിലെ ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി–കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം.
തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ലോവർപെരിയാർ ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും.
ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. സാധാരണയായി 10–15 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയർത്തുക. മുഴുവൻ ഷട്ടറുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്.
ഇതിനു മുൻപു നാലു തവണ മാത്രമാണു ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. അതിൽ മൂന്നും ഒക്ടോബറിൽ. 1981 ഒക്ടോബർ 29, 1992 ഒക്ടോബർ 12, 2018 ഓഗസ്റ്റ് ഒൻപത്, 2018 ഒക്ടോബർ ആറിനുമാണ് മുൻപ് ചെറുതോണി അണക്കെട്ട് തുറന്നത്. അഞ്ചാമതായി ഇത്തവണ തുറക്കാൻ ഒരുങ്ങുന്നതും മറ്റൊരു ഒക്ടോബറിൽ.
1981ൽ 11 ദിവസമാണു ഷട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്നു പെരിയാറിലേക്ക് ഒഴുക്കി. 1992 ൽ 13 ദിവസം ഷട്ടറുകൾ ഉയർത്തിയപ്പോൾ 2774.734 മെട്രിക് ഘന അടി വെള്ളം ഒഴുക്കിവിട്ടു. 2018 ഓഗസ്റ്റിലാണ് മൂന്നാം തവണ തുറന്നത്. അന്ന് ഓഗസ്റ്റ് 9 ന് തുറന്ന ഷട്ടറുകൾ സെപ്റ്റംബർ ഏഴിനാണ് താഴ്ത്തിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെതുടർന്നാണ് 2018 ഒക്ടോബർ 6 ന് ഡാം വീണ്ടും തുറന്നത്.