ജാതീയപരാമര്‍ശം; യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ഛഡീഗഡ്: ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചഹലിനെതിരെ ജാതീയപരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ചഹലിനെതിരെ യുവരാജ് ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഫെബ്രുവരിയിലാണ് ഹരിയാനയിലെ ദളിത് ആക്ടിവിസ്റ്റായ രജത് കസല്‍ വിവേചനം നിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള പട്ടികജാതി -വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം യുവരാജിനെതിരെ നടപടിയെടുക്കണണെന്നാവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹിസാര്‍ പൊലീസ് സ്റ്റേഷനിലാണ് യുവരാജ് സിങ്ങിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം യുവരാജിനെ ഇടക്കാല ജാമ്യത്തില്‍ വിട്ടു.

അതേസമയം ചഹലിന് എതിരായ പരാമാര്‍ശം തന്റെ നാക്കുപിഴയാണെന്ന് യുവരാജ് സിങ് പറഞ്ഞു. 2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. ചഹലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് യുവരാജ് ഉപയോഗിച്ചത്.

ഇത് വിവാദമായതോട താരം മാപ്പ് പറയണമെന്ന് ആവശ്യം ശക്തമായി. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ചഹലിനെ വ്യക്തിപരമായി അധിഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് യുവരാജ് സിങ് പറയുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും യുവരാജ് പറഞ്ഞു. ജാതീയമായ തരംതിരിവുകളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്നും യുവരാജ് സിങ് വ്യക്തമാക്കി.