വിശുദ്ധ​ഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന് ആവശ്യം: മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി

കാക്കനാട്: വിശുദ്ധഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യവും ക്രൈസ്തവവിശ്വാസത്തെ ശരിയായ രീതിയിൽ വളർത്തിയെടുക്കാൻ സഹായിക്കുമെന്നും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ ആരാധനക്രമ വായനകളുടെ രണ്ടാമത്തെ ഗണം അടിസ്ഥാനപ്പെടുത്തി ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയ “വചനവിളക്ക്‌” എന്ന ഗ്രന്ഥം കാക്കനാട്‌ മൗണ്ട്‌ സെന്റ് തോമസിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടിനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു മാർ ജോർജ്‌ ആലഞ്ചേരി.

2021 ജനുവരി മാസത്തിലെ സീറോമലബാർ സിനഡിന്റെ തീരുമാനം അനുസരിച്ച്‌ പ്രസിദ്ധീകരിച്ച ആരാധനക്രമ വായനകളുടെ രണ്ടാം ഗണത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ “വചനവിളക്ക്‌” എന്ന വിശുദ്ധ ​ഗ്രന്ഥപ്രഘോഷണസഹായി, ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്‌. പ്രമുഖ ആരാധനക്രമ, ബൈബിൾ പണ്ഡിതരാണ്‌ ഇതിന്റെ രചനയിൽ സഹകാരികളായിരിക്കുന്നത്‌. സീറോമലബാർ സഭയിലെ പൗരസ്ത്യ സുറിയാനി ആരാധനക്രമ കലണ്ടർ അനുസരിച്ചുള്ള ഒമ്പതു കാലങ്ങളിലെയും വായനകളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള വിശകലനവും വ്യാഖ്യാനവുമാണ്‌ ഈ ​ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളുടെ പിൻബലത്തോടും അജപാലന ആഭിമുഖ്യത്തോടുംകൂടെയാണ്‌ വിശുദ്ധഗ്രന്ഥവായനകളുടെ വ്യാഖ്യാനം തയാറാക്കിയിരിക്കുന്നത്‌.

സീറോമലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ്‌ പിട്ടാപ്പിള്ളിൽ, ഫാ. തോമസ്‌ ആദോപ്പിള്ളിൽ, ഫാ. തോമസ്‌ മേൽവെട്ടം, ഓഫീസ്‌ സെക്രട്ടറി സി. നിർമൽ എം.എസ്‌.ജെ., തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. പ്രസ്തുത പുസ്തകത്തിന്റെ കോപ്പികൾ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ ലഭ്യമാണ്‌. ഫോൺ: 9446477924.