കുതിരാന്‍ തുരങ്കത്തിലെ ചോര്‍ച്ച: തെന്നിവീഴാതിരിക്കാന്‍ നടപടി

കുതിരാന്‍ : കനത്ത മഴയെത്തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിനുള്ളില്‍ വെള്ളം ഊര്‍ന്നിറങ്ങി റോഡില്‍ തെന്നിവീഴാതിരിക്കാന്‍ നടപടികളാരംഭിച്ചു. ഊര്‍ന്നിറങ്ങുന്ന വെള്ളവും ചെളിയും കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് അപകട ഭീഷണിയുണ്ടാകാതിരിക്കാനാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്.

മദ്രാസ് ഐ.ഐ.ടി.യില്‍ നിന്നുള്ള വിദഗ്ധ സംഘം കുതിരാനില്‍ പരിശോധന നടത്തിയ ശേഷം അവരുടെ നിര്‍ദേശ പ്രകാരം മലമുകളില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന വെള്ളം വിവിധ സ്ഥലങ്ങളില്‍ ദ്വാരങ്ങള്‍ നിര്‍മിച്ച്‌ പൈപ്പ് ഘടിപ്പിച്ച്‌ അഴുക്കുചാലില്‍ എത്തിച്ചിട്ടുണ്ട്.

ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ ഓരോ നാലുമണിക്കൂര്‍ കൂടുമ്പോഴും വെള്ളം പൂര്‍ണമായും തുടച്ചുമാറ്റും. രണ്ടാമത്തെ തുരങ്കത്തില്‍ കമാനാകൃതിയില്‍ ഉരുക്കുപാളികള്‍ ഘടിപ്പിച്ചു. കോണ്‍ക്രീറ്റിങ്‌ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒന്നാമത്തെ തുരങ്കത്തിലും സമാനമായ പണികള്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ചോര്‍ച്ചയ്ക്ക് ശാശ്വതപരിഹാരമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.