ഇടുക്കി: ഇടുക്കി ഡാം അടിയന്തിരമായി തുറക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി. 2385 അടിയില്‍ ജലനിരപ്പ് നിജപ്പെടുത്തണമെന്നും കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും എംപി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ വേണ്ട നടപടിയുണ്ടാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഇന്ന് പുലര്‍ച്ചെ തന്നെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍നിന്ന് ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
നിലവില്‍ അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ടെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നറിയിപ്പ് നല്‍കിയ ശേഷം മാത്രമെ ഡാം തുറക്കുകയുള്ളൂവെന്നും അസിസ്റ്റന്റ് എന്‍ജിനീയറും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്‍പ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയര്‍ന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.