ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. തലസ്ഥാനത്ത് എത്തിയ ക്യാപ്റ്റൻ അമരീന്ദര്‍ സിങ് ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അമിത് ഷായുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറെടുക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടേക്കുമെന്നും ബിജെപിയില്‍ ചേരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്നാംവട്ടവും കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അമരീന്ദര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയേക്കാമെന്ന സൂചനകളും ശക്തമാണ്.
ബിജെപി പിന്തുണയോടെ പാര്‍ട്ടി രൂപികരിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങിനെയങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടല്‍ അടക്കമുള്ള കാര്യങ്ങളിലേക്കാണ് കടക്കുന്നതിന്റെ ഭാഗമാണ് കൂടിക്കാഴച്ചയെന്ന ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ അമരീന്ദര്‍ അമിത് ഷായെ കണ്ടിരുന്നു. അമരീന്ദറിന്റെ പ്രവൃത്തിയില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നായിരുന്നു അമരീന്ദറിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമരീന്ദര്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിപ്പോള്‍ താന്‍ ബി ജെ പിയിലേക്കില്ലെന്നും കോണ്‍ഗ്രസില്‍ തുടരുമെന്നുമാണ് അമരീന്ദര്‍ പറഞ്ഞത്. ഇതിനിടെ കോണ്‍ഗ്രസിലെ വിമതവിഭാഗത്തേയും കര്‍ഷക സംഘടനകളുടെ നേതാക്കളേയും ഉള്‍ക്കൊള്ളിച്ച് അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങിനെയെങ്കില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാകും.
പഞ്ചാബിലെ ജനകീയനായ നേതാവാണ് ക്യാപറ്റന്‍ അമരീന്ദര്‍ സിങ്. ക്യാപ്റ്റന്‍ കോണ്‍ഗ്രസ് വിട്ടാല്‍ നിലവില്‍ കൈയ്യിലുളള പഞ്ചാബും കോണ്‍ഗ്രസിന് നഷ്ടമാകും. പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവുമായിയുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നായിരുന്നു അമരീന്ദറിന്റെ രാജി. നേതൃത്വം രാജി ആവശ്യപ്പെട്ടതോടെ ഇനിയും അപമാനം സഹിക്കാന്‍ പറ്റില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്.