ന്യൂഡെൽഹി: സിംഘു അതിർത്തിയിലെ കർഷക സമര സ്ഥലത്ത് ദളിത് യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. നിഹാങ് വിഭാഗത്തിൽപ്പെട്ട ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നാല് നിഹാങ്ങുകൾ അറസ്റ്റിലായി.
സംഭവത്തിൽ നിഹാങ് വിഭാഗത്തിലെ രണ്ടു പേർ നേരത്തെ അറസ്റ്റിലായിരുന്നു. സരബ് ജിത്ത് സിങ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. സോനിപത് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു. ശനിയാഴ്ച നാരായൺ സിങ് എന്ന മറ്റൊരാളും അറസ്റ്റ് ചെയ്യപ്പെട്ടു. പഞ്ചാബിലെ അമർകോട്ട് ജില്ലയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുണ്ടലിയിലെ കർഷക സമരം നടക്കുന്ന സ്ഥലത്ത് ദളിത് യുവാവിനെ രണ്ടു കൈകളും മുറിച്ചശേഷം ക്രൂരമായാണ് കൊലപ്പെടുത്തിയത്. ശേഷം പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നിഹാങ്ങുകളാണ് കൊലയ്ക്ക് പിന്നിൽ എന്നാരോപിച്ച് കൊണ്ട് സംയുക്ത കിസാൻ മോർച്ച രംഗത്തു വരികയും ചെയ്തിരുന്നു.
തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിനാണ് കൊല നടത്തിയതെന്ന് നിഹാങ് സംഘടനാ തലവൻ ബൽവിന്ദർ സിങ് വ്യക്തമാക്കിയിരുന്നു.