കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ
ഇന്നലെ പകല്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി രാഘവൻ്റെ ഭാര്യ രാജമ്മയുടെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. പട്ടിമറ്റം കല്ലോലില്‍ ചെക്ക്ഡാമിലാണ് മൃതദേഹം കണ്ടത്.

പ്രദേശവാസിയായ ഷെഫിന്‍ പുതുപ്പറമ്പില്‍ ആണ് ഡാമിലെ ചെളിയില്‍ സ്ത്രീയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

അതേ സമയം കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ും മീനച്ചില്‍ താലൂക്കില്‍ 13ും ക്യാമ്പുകള്‍ തുറന്നു. കോട്ടയം ജില്ലയില്‍ വൈദ്യുതി വിതരണം താറുമാറായ അവസ്ഥയിലാണ്.

ഇടുക്കി കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മണ്ണിനടിയിലായി. പൂവഞ്ചിയില്‍ അഞ്ച് പേരെയും മുക്കുളത്ത് ഒരാളെയുമാണ് കാണാതായത്. ഇടുക്കി പൂവഞ്ചിയില്‍ നാല് വീടുകള്‍ ഒഴുകിപ്പോയി. പതിനേഴ് പേരെ രക്ഷപ്പെടുത്തി. കല്ലുപുരയ്ക്കല്‍ നസീറിന്റെ കുടുംബമാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.