സ്പെയർപാർട്‌സും അറ്റകുറ്റപ്പണികളും ഇല്ല; നിരവധി ബസുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ ബസുകൾ കട്ടപ്പുറത്ത്

കൊച്ചി: സ്പെയർപാർട്‌സ് ഇല്ലാതെയും അറ്റകുറ്റപ്പണി നടത്താതെയും കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ കട്ടപ്പുറത്തുള്ളത് 104 ബസുകൾ. ഇതിൽ സ്കാനിയ, വോൾവോ ബസുകൾ മാത്രം 87 എണ്ണം വരും.

അപകടത്തിൽപ്പെട്ട് സർവീസ് നടത്താനാകാത്ത വോൾവോ, സ്കാനിയ ബസുകൾ ഒന്നുവീതം എറണാകുളത്തും കോഴിക്കോട്ടും ഒരു ലോഫ്ലോർ ബസ് പത്തനംതിട്ട ഡിപ്പോയിലും കിടപ്പുണ്ട്.

നിലവിൽ 290 ഇന്ത്യൻനിർമിത ലോഫ്ലോർ ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. ഇതിനുപുറമെ 17 സ്കാനിയ ബസുകളും 202 വോൾവോ ബസുകളും ഉണ്ട്. എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങളുള്ളത്. കട്ടപ്പുറത്തിരിക്കുന്ന ലോഫ്ലോർ ബസുകൾതന്നെ കോടികളുടെ ബാധ്യതയാണ്.

പത്ത് വൈദ്യുതബസുകൾ കെഎസ്ആർടിസി വാടകയ്ക്കെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ഇവ സർവീസ് നടത്തിയിരുന്നത്. കൊറോണ പ്രതിസന്ധിയെത്തുടർന്ന് നിലവിൽ ഇവ സർവീസ് നടത്തുന്നില്ല. ഒരു സി.എൻ.ജി. ബസ് എറണാകുളത്താണ് സർവീസ് നടത്തുന്നത്.