തൃശൂര്‍: ജില്ലയില്‍ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ വീടുകളില്‍ വെള്ളംകയറി.
പുത്തൂരില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളി, മലക്കപ്പാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു. ബീച്ചുകളിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.
മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര 18 വരെ നിരോധിച്ചു. പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലുയിസ് വാള്‍വ് വഴി കൂടുതല്‍ ജലം പുറത്തേക്കൊഴുക്കിയതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. വൈകിട്ട് ആറരയോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്റില്‍ 200 ഘനയടി വെള്ളമാണ് പെരിങ്ങല്‍ക്കുത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്. ജില്ലയില്‍ രണ്ട് ക്യാമ്പുകളിലായി 23 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.