തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പറഞ്ഞു.
ശിപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം, അതാണ് ഈ സർക്കാരിന്റെ നിലപാടെന്നും വിജയരാഘവന് പറഞ്ഞു. അതേസമയം എംഎൽഎമാർ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു.
താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി എന്ന നിലയില്‍ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. ചില കരാറുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കുന്നുണ്ട്. കരാറുകാര്‍ തെറ്റായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാനാവില്ല. പറഞ്ഞതില്‍ ഒരടി പിറകോട്ട് പോയിട്ടില്ല.
എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശിപാര്ശയുമായോ കരാറുകാര്‍ മന്ത്രിയുടെ അടുക്കല്‍ വരുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു കഴിഞ്ഞ ഏഴാം തീയതിയിലെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഹമ്മദ് റിയാസ് പറഞ്ഞത്.