കാസര്‍കോട്: കവര്‍ച്ചക്കാരില്‍ നിന്ന് പിടിച്ചെടുത്ത തൊണ്ടി മുതല്‍ കേസ് വിസ്താരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉടമകള്‍ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. കാസര്‍കോട് കുഡ്‍ലു സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഏരിയാല്‍ ശാഖയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണമാണ് തിരിച്ച് നല്‍കുക. ഇതിനുള്ള നടപടിക്രമങ്ങള്‍ ബാങ്ക് അധികൃതര്‍ തുടങ്ങി.
കുട്‍ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കൊള്ളയടിച്ച 15.86 കിലോഗ്രാം പണയ സ്വര്‍ണ്ണാഭരണങ്ങളാണ് ഉടമകള്‍ക്ക് തിരികെ നല്‍കുക. 2015 സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്കാണ് രണ്ട് ജീവനക്കാരെ കത്തി മുനയില്‍ നിര്‍ത്തി ബാങ്ക് കൊള്ളയടിച്ചത്. പൊലീസ് രണ്ടാഴ്ചക്കകം പ്രതികളെ പിടികൂടി തൊണ്ടി മുതല്‍ കണ്ടെടുത്തു.
വിചാരണ നടപടികള്‍ നീണ്ടതോടെ ബാങ്ക് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ ഇടപാടുകാര്‍ക്ക് തിരിച്ച് നല്‍കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ബാങ്ക് അധികൃതരുടെ അപേക്ഷ അംഗീകരിച്ചാണ് കോടതി അപൂര്‍വ്വ വിധി നടപ്പാക്കിയത്.
കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പണയപണ്ടങ്ങള്‍ ബാങ്ക് ഏറ്റെടുത്ത് 905 ഇടപാടുകാര്‍ക്കാണ് തിരികെ നല്‍കുക. മോഷണം പോയതില്‍ രണ്ട് കിലോയോളം പണയ സ്വര്‍ണ്ണം കണ്ടെടുക്കാനായിട്ടില്ല. ഈ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കാനായി ഇന്‍ഷുറന്‍സ് തുക വിനിയോഗിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി