നാഗ്പുർ: ഒടിടി പ്ലാറ്റ്ഫോമുകളുടെയും മൊബൈല്‍ ഫോണുകളുടെയും ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. അവ രാജ്യത്തെ നശിപ്പിക്കും. കോവിഡിനെ തുടര്‍ന്ന് ഓരോ കൊച്ചു കുട്ടിയുടെ കൈയിലും മൊബൈല്‍ ഫോണ്‍ ലഭിച്ചു. അവര്‍ അതില്‍ കാണുന്നതിനൊന്നും നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന്, ബിറ്റ്കൊയിന്‍ എന്നിവ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കുന്നു. ആളുകളില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു. ബിറ്റ്കൊയിന്‍ പോലുള്ള അനിയന്ത്രിതമായ കറന്‍സികള്‍ക്ക് എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും വെല്ലുവിളികള്‍ ഉയര്‍ത്താനും സാധിക്കും. ഈ കാര്യങ്ങളിൽ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു.