എയ്ഡഡ് സ്ഥാപന നിയമനങ്ങൾക്ക് റിക്രൂട്ട്‌മെന്റ് ബോർഡ് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പാസറ്ററൽ കൗൺസിൽ

ചങ്ങനാശ്ശേരി: എയ്ഡഡ് സ്ഥാപന നിയമനങ്ങൾക്ക് സ്കൂളുകളിലും കോളജുകളിലും റിക്രൂട്ട്‌മെന്റ് ബോർഡ് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പാസറ്ററൽ കൗൺസിൽ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ 11-ാം ശമ്പളക്കമ്മീഷൻ ശുപാർശയായി എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് റിക്രൂട്ട്‌മെന്റ് ബോർഡ് ഏർപ്പെടുത്താനുള്ള ശുപാർശ ഭരണഘടനാ വിരുദ്ധമാണ്.

കമ്മീഷൻ്റെ പരിധിയിൽ വരുന്ന ഒരു കാര്യത്തിൽ അല്ല അവർ ശുപാർശ നൽകിയിരിക്കുന്നത്. ഇത് ന്യൂനപക്ഷ അവകാശങളുടെ മേലുള്ള കടന്നുകയറ്റമായതിനാൽ ശുപാർശ തള്ളി ക്കളയണം. ബോർഡ് സ്ഥാപിതമായാൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിൽ എന്ന പോലെ അധ്യാപക നിയമനത്തിൽ ഏറെ കാലതാമസം ഉണ്ടാകും.

അടിയന്തിരമായി നടത്തേണ്ട അധ്യാപക നിയമനങ്ങൾ അനിശ്ചിതമായി നീണ്ടുപോകാൻ ഇത് ഇടയാക്കും. വിദ്യാലയങ്ങൾക്ക് അനുയോജ്യരായ അധ്യാപകരെ നിയമിക്കാൻ മാനേജർമാർക്ക് സാധിക്കാതെ വരികയും ചെയ്യുമെന്ന് പാസറ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി.

എസ് ബി കോളേജിലെ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗം ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. വിശ്വാസികൾ നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് മാർ ജോസഫ് പെരുന്തോട്ടം ഓർമ്മിപ്പിച്ചു. എല്ലാ രംഗങ്ങളിലും ഇന്ന് വളരെയധികം പ്രതിസന്ധികളാണ്. കൂട്ടായ്മയുടെ ഐക്യത്തിലേ ഇവയെ ഫലപ്രദമായി നേരിടാൻ കഴിയൂ മാർ പെരുന്തോട്ടം പറഞ്ഞു.

പതിനഞ്ചാം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ ഡയറക്ടറി മാർ ജോസഫ് പെരുന്തോട്ടം വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരയ്ക്കലിന് നൽകി പ്രകാശനം ചെയ്തു. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സ്വാഗതമാശംസിച്ചു. വികാരി ജനറാൾ മോൺ.തോമസ് പാടിയത്ത് പ്രസംഗിച്ചു.

ഫാ. ക്രിസ്റ്റോ നേരിയ പറമ്പിൽ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് ജോയിൻ സെക്രട്ടറിമാരായ ഡോ. രേഖ മാത്യു, ആൻറണി മലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചങ്ങനാശ്ശേരി അഡ്വ.ജോബ് മൈക്കിൾ എംഎൽഎ, ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് എസ് ബി കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ്‌, ഡോ. സിജോ ജേക്കബ് ,ഡോ. പി സി അനിയൻകുഞ്ഞ്, ഡോ. റൂബിൾ രാജ്, ദി എഡിറ്റേഴ്സ് ലൈവ് ചീഫ് എഡിറ്റർ ജെ. കുര്യാക്കോസ് എന്നിവരെ ആദരിച്ചു.

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പാസ്റ്റർ കൗൺസിൽ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന കെ റെയിൽ പദ്ധതി സർക്കാർ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വി ജെ ലാലി , സോബിച്ചൻ കണ്ണമ്പള്ളി, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.