ന്യൂഡെല്‍ഹി: കര്‍ഷക പ്രതിഷേധങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരേ തുറന്നപോരിന് വരുണ്‍ ഗാന്ധി എംപി. ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ ബി വാജ്പേയ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസംഗിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വരുണ്‍ തന്റെ നിലാപടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നത്.
വലിയ ഹൃദയമുള്ള നേതാവിന്റെ വിവേകമുള്ള വാക്കുകള്‍ എന്ന കുറിപ്പോടെയാണ് വരുണ്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗിക്കുന്ന വാജ്‌പേയ്‌യുടെ ദൃശ്യം ട്വിറ്ററില്‍ പങ്കുപവെച്ചിരിക്കുന്നത്. ”കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത് … കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക പ്രസ്ഥാനത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”- വാജ്‌പേയ് പ്രസംഗത്തില്‍ പറയുന്നു.
കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ തങ്ങള്‍ പിന്തുണക്കുന്നു. സര്‍ക്കാര്‍ തങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ അല്ലെങ്കില്‍ കര്‍ഷകരുടെ സമാധാനപരമായ പ്രസ്ഥാനത്തെ അവഗണിക്കാനോ ശ്രമിക്കുകയാണെങ്കില്‍, തങ്ങളും കര്‍ഷകരുടെ മുന്നേറ്റത്തിന്റെ ഭാഗമാകും എന്നും പ്രസംഗത്തില്‍ വാജ്പേയ് പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളിലുള്ള പ്രതിഷേധം വ്യക്തമാക്കി കൊണ്ട് വരുണ്‍ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലഖിംപൂര്‍ ഖേരിയിലെ സംഭവത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വരുണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
വരുണിന്റെ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് വരുണ്‍ പറഞ്ഞത്.
കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനം ഇടിച്ചുകയറുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. വീഡിയോയില്‍ നിന്ന് എല്ലാം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ഇറ്റുവീണ രക്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലഖിംപൂരിലെ കര്‍ഷക കൊലയ്ക്ക് പിന്നില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. ഇതിന് പിന്നാലെ വരുണ്‍ ഗാന്ധിയെയും അമ്മ മേനക ഗാന്ധിയേയും ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു.