‘പേര് രാമന്‍, സ്ഥലം അയോധ്യ’; സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി അടിച്ച്‌ കേരള പൊലീസ്

കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്‍കി വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കൊല്ലം ചടയമംഗലത്താണ് സംഭവം. മൂന്നംഗ സംഘം ആയിരുന്നു വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നില്‍പ്പെട്ടത്. അഞ്ഞൂറ് രൂപ പെറ്റിയടയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

ഇത് തര്‍ക്കത്തിനിടയാക്കി. പെറ്റിയടയ്ക്കാന്‍ അവസാനം യുവാക്കള്‍ തയ്യാറായി. എന്നാല്‍ നല്‍കിയ വിവരങ്ങളോ അയോധ്യയിലെ ദശരഥപുത്രന്‍ രാമന്റെ മേല്‍വിലാസവും. തങ്ങളെ പറ്റിയ്ക്കുകയാണെന്ന് അറിഞ്ഞിട്ടും പൊലീസും വിട്ടുകൊടുത്തില്ല. പറഞ്ഞ വിവരങ്ങള്‍ വെച്ച്‌ പെറ്റി വാങ്ങി രസീതും നല്‍കി.

‘നിങ്ങള്‍ ഏതെങ്കിലും പേര് പറ, നിന്റെ പേര് തന്നെ വേണമെന്നില്ല’ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. യുവാക്കളിലൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

യുവാക്കള്‍ വിലാസം പറയാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞ വിലാസംവെച്ച്‌ പെറ്റിയൊടുക്കുകയായിരുന്നു പൊലീസ്. എന്നാല്‍ എങ്ങനെയും പണം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഈ പ്രവര്‍ത്തിയിലൂടെ വെളിവാകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.