തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തമാകും. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിനു സമീപവും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമാണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. അറബിക്കടലിലെ ചക്രവാതചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്.
ഈ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 വരെ സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാ പ്രദേശ് – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് .