തിരുവനന്തപുരം: നിയമസഭയിലെ പരാമർശത്തിൻ്റെ പേരിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് വിമർശനം. സിപിഎം നിയമസഭാ കക്ഷിയോഗത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായത്. എംഎല്‍എമാർ കരാറുകാരെയും കൂട്ടി മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമർശമാണ് വിമർശനത്തിന് കാരണം.
മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് നിയമസഭാ കക്ഷി യോഗത്തിൽ എംഎല്‍എമാർ വിമര്‍ശിച്ചു. മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎല്‍എമാർക്ക് കരാറുകാർ അടക്കമുളളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോൾ അവരുമായി മന്ത്രിമാരെയും കാണേണ്ടിവരും.
തലശേരി എംഎല്‍എ എ.എൻ.ഷംസീറാണ് വിമർശനം തുടങ്ങിയത്. പിന്നാലെ കെ.വി.സുമേഷും കടകംപളളി സുരേന്ദ്രനും വിമർശനം ഏറ്റെടുത്തു. അതേസമയം നിയമസഭാ കക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ മന്ത്രിയ്ക്ക് സംരക്ഷണമൊരുക്കി. തെറ്റായ ഉദ്ദേശത്തിലല്ല പരാമർശമെന്ന് വിശദീകരിച്ച മുഹമ്മദ് റിയാസ് പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദ പ്രകടനവും നടത്തി.