പാലക്കാട്: തമിഴ്നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പൊലീസിന്റെ പിടിയിൽ. പാലക്കാട് ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തു. രാത്രി വീടുകളിലെത്തി പണവും സ്വർണ്ണാഭരണങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് ആലത്തൂര്‍ പൊലീസിൻ്റെ പിടിയിലായത്.
ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി തങ്കപ്പാണ്ട്യൻ, തഞ്ചാവൂര്‍ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മാരി മുത്തു തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ്. ഇയാളുടെ പേരിൽ 30 കേസുകളും നിലവിലുണ്ട്. പ്രതികളിൽ നിന്ന് മൂന്നര പവൻ സ്വർണ്ണം പിടിച്ചെടുത്തു. പാലക്കാട് ജില്ലയിൽ കഴിഞ്ഞ 9 മാസത്തിനുള്ളിൽ ആറ് മോഷണങ്ങളാണ് ഇവർ നടത്തിയത്. കോഴിക്കോടും തൃശ്ശൂരും പ്രതികൾക്കെതിരെ കേസുകളുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ നിരവധി ഇടങ്ങളിൽ നിന്നായി നിരവധി മോഷണ കേസുകൾ പുറത്തുവന്നിരുന്നു. കൊല്ലത്ത് ജ്വല്ലറിയിൽ നടന്ന മോഷണത്തിന് പിന്നിലടക്കം ഇത്തരം കുറുവ സംഘങ്ങളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. പാലക്കാട് മാത്രം മാസങ്ങൾക്കുള്ളിൽ ആറ് മോഷണം നടത്തിയ പ്രതികൾ കോഴിക്കോടും തൃശൂരും മോഷണം നടത്തിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം നിരവധി മോഷണങ്ങളുടെ ചുരുളഴിക്കാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ.