ന്യൂഡെല്‍ഹി: രാജ്യത്ത് രണ്ട് വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളിലെ കൊറോണ വാക്‌സിന് ഡ്രഗ്സ് കൺട്രോളർ ജനറലിൻ്റെ അനുമതി. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയത്. രണ്ട് മുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍.
കുട്ടികളില്‍ പ്രതിരോധ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നേടുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍. വാക്‌സിനു അനുമതി ലഭിച്ച വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാംവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ദ്ധ സമിതിക്ക് ഭാരത്ബയോടെക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കൊവാക്‌സിന് ഡിസിജിഐ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ എന്നുമുതലാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുകയെന്നത് സംബന്ധിച്ച് കേന്ദ്രം പിന്നീട് വ്യക്തമാക്കും. രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് വാക്‌സിന് അനുമതി നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.