പുതിയ ചിട്ടകളുമായി 18 മുതല്‍ കോളജുകള്‍ പൂര്‍ണമായും തുറക്കും

തിരുവനന്തപുരം: കൊറോണ ചട്ടം പാലിച്ച് പുതിയ ചിട്ടകളുമായി ഒക്ടോബർ 18ന് കോളേജ് പൂര്‍ണമായി തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തില്‍ അക്കാര്യത്തില്‍ ഉചിത തീരുമാനമെടുക്കാം.

കൊറോണ പ്രോട്ടോക്കോള്‍ ബോധവത്കരണത്തോടെ ക്ലാസുകള്‍ തുടങ്ങും. ലിംഗ പദവി കാര്യത്തില്‍ പ്രത്യേക ക്ലാസുകള്‍ നല്‍കും. വിനോദയാത്രകള്‍ സംഘടിപ്പിക്കാന്‍ അനുമതിയില്ല.

ലാബും ലൈബ്രറികളും ഉപയോഗിക്കാന്‍ സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കികൊടുക്കണം. പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികള്‍ മുന്‍കൈയെടുക്കണം. പ്രിന്‍സിപ്പല്‍മാരെ പങ്കെടുപ്പിച്ച്‌ നടത്തിയ യോഗത്തില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശങ്ങള്‍ അറിയിച്ചു.

ടൂറിനു പോകാനുള്ള കുട്ടികളുടെ ആവശ്യവുമായി നിരവധി രക്ഷിതാക്കളുടെ വിളികള്‍ വരുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രകള്‍ അനുവദനീയമല്ലെന്നും കുട്ടികളോട് പറയണമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കൊറോണയ്ക്ക് പുറമെ, ശക്തമായ മഴയുടെയും ഉരുള്‍പൊട്ടലിന്റെയും അന്തരീക്ഷമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രണയക്കൊലയും മറ്റും ഉണ്ടാക്കിയ ഉല്‍ക്കണ്ഠാകരമായ അന്തരീക്ഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. കൊറോണ സാഹചര്യം കുട്ടികളുടെ മാനസികനിലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് ക്യാമ്പസുകളില്‍ കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കണം. ഇവ സംബന്ധിച്ച്‌ വിശദമായ സര്‍ക്കുലര്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ അവലോകന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച്‌ മാത്രമേ ക്യാമ്പസുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടന്‍ പ്രസിദ്ധീകരിക്കും – മന്ത്രി അറിയിച്ചു.

എല്ലാ ക്യാമ്പസുകളിലും കൊറോണ ജാഗ്രത പാലിക്കപ്പെടണം. ജാഗ്രതാസമിതികള്‍ എല്ലാ ക്യാമ്പസുകളിലും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഈ സമിതികള്‍ നടത്തണം. ക്ലാസ് മുറികളും വിദ്യാര്‍ഥികള്‍ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യണം. വാക്സിനേഷന്‍ ഡ്രൈവ് മികച്ച രീതിയില്‍ എല്ലാ കോളേജുകളിലും നടക്കുന്നുണ്ട്. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഈ യത്‌നം കൂടുതല്‍ ശക്തമായി നടത്തണം.

ഇനി വരുന്ന ഏതാനും ദിവസങ്ങള്‍ അവധിദിനങ്ങളാണ്. വാക്സിനേഷന്‍ ഡ്രൈവ് ഈ ദിവസങ്ങളില്‍ കാര്യമായി നടക്കാന്‍ സ്ഥാപനമേധാവികള്‍ മുന്‍കൈ എടുക്കണം -മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

കൊറോണ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദമായ ക്ലാസോടെ വേണം അധ്യയനത്തുടക്കം. അതോടൊപ്പം, ലിംഗപദവികാര്യത്തിലും ക്ലാസുകള്‍ വേണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ പരാതിപരിഹാര സെല്ലിന്റെയും മറ്റും ചുമതലയുള്ള അധ്യാപകര്‍ക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ കേന്ദ്രീകരിച്ച ക്ലാസുകള്‍ ഉടനുണ്ടാകും മന്ത്രി വ്യക്തമാക്കി. കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ വിഘ്നേശ്വരി, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ബൈജു ബായ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.