ബെംഗളൂരൂ: കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയതോടെ യാത്രക്കാര്‍ വലഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റോഡുകളും വെള്ളത്തിനിടിയിലായതോടെ ഇവിടേക്ക് എത്തിച്ചേരുകയെന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.
ഇതോടെ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ യാത്രക്കാര്‍ക്ക് ടാക്ടറുകളെ ആശ്രയിക്കേണ്ടി വന്നു. വിമാനത്താവളത്തിലേയ്ക്കുള്ള പിക്ക് അപ്പ്, ഡ്രോപ്പ് പോയിന്റുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെയാണ് യാത്രക്കാര്‍ക്ക് ടാക്ടറുകള്‍ വേണ്ടി വന്നത്. നൂറുകണക്കിന് യാത്രക്കാര്‍ ലഗേജുകളുമായി കാത്തുനില്‍ക്കുന്നതിനാല്‍ ടെര്‍മിനലുകളിലേക്കുള്ള റോഡുകളില്‍ നിരവധി ടാക്‌സികള്‍ കുടുങ്ങുകയും ചെയ്തു.
വെള്ളത്തിലായ റോഡിലൂടെ വാഹനം ഓടിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാരും വിസമ്മതിച്ചതോടെ യാത്രക്കാര്‍ ആശങ്കയിലായി. ഇതിനിടെയാണ് ചിലര്‍ ട്രാക്ടറുകളെ ആശ്രയിച്ചത്. വിമാനമേറാന്‍ യാത്രക്കാര്‍ ടാക്ടറില്‍ എത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
മഴ തകര്‍ത്ത് പെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ കെംപെഗൗഡ വിമാനത്താവളത്തില്‍ ഏകദേശം 93 മില്ലീമീറ്റര്‍ മഴ ലഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഏകദേശം പതിനൊന്ന് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയതായും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 15 വരെ കര്‍ണാടക തീരത്തും തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കനത്ത മഴയില്‍ ബെംഗളൂരു വിമാനത്താവളം നിശ്ചലമായതോടെ സിവില്‍ ഏജന്‍സികളുടെ തയ്യാറെടുപ്പിന്റെയും ആസൂത്രണത്തിന്റെയും അഭാവം ഒരിക്കല്‍ കൂടി വെളിപ്പെട്ടതായും നിരീക്ഷര്‍ പറയുന്നു.