മലപ്പുറം: നാലു വര്‍ഷം മുന്‍പ് ഓട്ടോയിൽ സ്വര്‍ണപ്പാദസരം നഷ്ടപ്പെടുക. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഓട്ടോയില്‍ വീണ്ടും യാത്ര, സംസാരത്തിനിടെ പഴയ കഥ പറയുക, ഒടുവില്‍ നഷ്ടപ്പെട്ട പാദസരം തിരികെ കിട്ടുക.
സിനിമയില്‍ കണ്ടാല്‍ പോലും വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇത് വെറും കഥയല്ല, ഒരുപാട് ട്വിസ്റ്റും ടേണും നിറഞ്ഞ യഥാര്‍ത്ഥ സംഭവം തന്നെ.
നിലമ്പൂര്‍ സ്വദേശികളായ ഹനീഫയ്ക്കും അന്‍സയക്കുമാണ് കഥയിലെ താരങ്ങള്‍. 18 വര്‍ഷമായി ഓട്ടോ ഓടിക്കുകയാണു ഫനീഫ. നാലു വര്‍ഷം മുന്‍പ് ഒരു ദിവസം ഓട്ടോ കഴുകുന്നതിനിടെയാണ് സീറ്റിനിടയില്‍ നിന്നു രണ്ടു പാദസരം കിട്ടിയത്. സീറ്റ് കഴുകി വൃത്തിയാക്കുന്നത് മാസങ്ങളുടെ ഇടവേളയിലായതുകൊണ്ടുതന്നെ സംഗതി ആരുടേതാണെന്ന് പിടികിട്ടിയില്ല. പാദസരം തേടി യഥാര്‍ഥ ഉടമ എത്തുമെന്ന പ്രതീക്ഷയില്‍ അയാള്‍ കാത്തിരുന്നു.
ലോക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും അന്യന്റെ മുതല്‍ കൈവശപ്പെടുത്താന്‍ ഹനീഫ ചിന്തിച്ചില്ല. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നിലമ്പൂര്‍ ആശുപത്രി റോഡില്‍ നിന്നു വീട്ടില്‍ പോകാനായി അന്‍സ ഹനീഫയുടെ ഓട്ടോയില്‍ കയറി.
സംസാരത്തിനിടെ മകളുടെ പാദസരം ഓട്ടോയില്‍ മറന്ന കഥ പറഞ്ഞു. എക്സ്റേ എടുക്കുന്നതിനുവേണ്ടി ഊരിയ പാദസരം രണ്ടും ചേര്‍ത്ത് കൊളുത്തായാണ് കൈയില്‍ സൂക്ഷിച്ചതെന്നുകൂടി അന്‍സ പറഞ്ഞു. ഇതു കേട്ടതോടെ താന്‍ നിധിപോലെ ഇത്രയും കാലം സൂക്ഷിച്ചുവച്ച പാദസരത്തിന്റെ ഉടമയം ഹനീഫ തിരിച്ചറിഞ്ഞു. അന്നു തന്നെ അന്‍സയുടെ വീട്ടിലെത്തി ഹനീഫ സ്വര്‍ണം കൈമാറി.