സ്റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചു. ഡേവിഡ് കാഡ് , ജോഷ്വാ ഡി ആംഗ്രിസ്റ്റ് , ഗ്യുഡോ ഡബ്ല്യു ഇംബന്‍സ് എന്നീ മൂന്ന് പേരാണ് ഇത്തവണ ഈ നേട്ടത്തിന് അര്‍ഹരായത്. തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയിലെ പഠനത്തിനാണ് ഡേവിഡ് കാഡിന് പുരസ്‌കാരം. കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനക്കാണ് മറ്റ് രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് സാമ്പത്തിക ശാസ്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്. മൂവരുടെയും പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും ഇവരുടെ സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ പ്രശ്നങ്ങളും കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് കാണിക്കുകയും ചെയ്തെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. സാമൂഹിക ശാസ്ത്ര മേഖലയിലെ വലിയ ചോദ്യങ്ങള്‍ കാര്യകാരണങ്ങളെ സംബന്ധിച്ചായിരുന്നു.
കുടിയേറ്റം ശമ്പളത്തെയും തൊഴില്‍ മേഖലയെയും എങ്ങനെ ബാധിക്കും, നീണ്ട കാല വിദ്യാഭ്യാസം ഒരാളുടെ ഭാവി വരുമാനത്തെ എങ്ങനെ ബാധിക്കും. സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ ഇത്തരം ചോദ്യത്തിനുള്ള ഉത്തരം നല്‍കാമെന്ന് സമ്മാന ജേതാക്കള്‍ തെളിയിച്ചെന്നും സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.
കനേഡിയന്‍ പൗരനായ ഡേവിഡ് കാര്‍ഡ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫാക്കല്‍റ്റിയാണ്. അമേരിക്കല്‍ പൗരനായ ജോഷ്വ ആംഗ്രിസ്റ്റ് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഡച്ച് പൗരനായ ഗ്യൂഡോ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലുമാണ് സേവനമനുഷ്ഠിക്കുന്നത്.