ചിട്ടി തട്ടിപ്പ്; കുടിശ്ശിക പിരിച്ചെടുത്താല്‍ നിക്ഷേപകര്‍ക്ക് പണം നല്‍കും; മുന്‍ പ്രസിഡൻ്റ് ചോദ്യം ചെയ്യലിന് ഹാജരായി

കണ്ണൂര്‍: പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയില്‍ നടന്ന കോടികളുടെ ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ നിന്ന് സൊസൈറ്റി സെക്രട്ടറി ഒഴിഞ്ഞു മാറിയെങ്കിലും മുന്‍ പ്രസിഡൻ്റ് എ പ്രിയന്‍ മൊഴി നല്‍കാനെത്തി. വിജിലന്‍സ് പൊലീസ് അന്വേഷണങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് പ്രിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുടിശ്ശിക പിരിച്ചെടുത്താല്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നേതൃത്വവുമായി തനിക്ക് അഭിപ്രായവ്യത്യാസമില്ല. ക്രമക്കേടില്‍ സൊസൈറ്റി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന കാര്യം അറിയില്ലെന്നും എ പ്രിയന്‍ പറഞ്ഞു. പണം തിരിച്ച്‌ നല്‍കാം എന്ന് സിപിഎം പറഞ്ഞാല്‍ നിക്ഷേപകര്‍ക്ക് അത് വിശ്വസിക്കാം. ചിട്ടി ഇടപാടിന്റെ വിശദാംശങ്ങള്‍ അന്വേഷണം നടക്കുന്നതിനാല്‍ പുറത്ത് പറയാനാകില്ല.

തട്ടിപ്പില്‍ തനിക്ക് പങ്കുണ്ട് എന്ന നിക്ഷേപകരുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും സിപിഎം നെടുമ്പോയില്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ എ പ്രിയന്‍ പറഞ്ഞു.

അതേസമയം, പേരാവൂരില്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകര്‍ നിരാഹര സമരം തുടങ്ങി. പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടും പണം തിരിച്ച്‌ കിട്ടാതെ വന്നതോടെയാണ് നിക്ഷേപകര്‍ പേരാവൂരിലെ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരം തുടങ്ങിയത്.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന റിലേ സത്യഗ്രഹത്തില്‍ സമരസമിതി കണ്‍വീനര്‍ സിബി മേച്ചേരി ആദ്യദിവസം കിടന്നു. 432 പേരില്‍ നിന്നായി തട്ടിയെടുത്ത അഞ്ച് കോടിയിലേറെ രൂപ തിരികെ കിട്ടും വരെ സമരം തുടരുമെന്ന് പ്രഖ്യാപനം. സൊസൈറ്റിയുടെ ആസ്തി വിറ്റ പണം നല്‍കും എന്ന് സിപിഎം പ്രഖ്യാപനത്തില്‍ വിശ്വാസമില്ലെന്നും സിപിഎം ഇതുവരെ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സിബി പറയുന്നു.

അതേസമയം, രണ്ട് തവണയായി നോട്ടീസ് നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ സഹകരണ വകുപ്പ് അസിസ്റ്റൻ്റ് രജിസ്ട്രാറിന് മുമ്പാകെ സെക്രട്ടറി പി വി ഹരിദാസ് ഹാജരായില്ല. ഇനി വാറണ്ട് പുറപ്പെടുവിക്കും.