ന്യൂഡെൽഹി: തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് ‘മാര്‍ക്ക് ജിഹാദ്’ ആരോപണമുന്നയിച്ച ഡെൽഹിയിലെ അധ്യാപകന്‍. മാര്‍ക്ക് ജിഹാദ് ‘ എന്ന വാക്ക് മതവുമായി ബന്ധപ്പെടുത്തിയല്ല ഉപയോഗിച്ചതെന്നും ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് മാര്‍ക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതെന്നുമാണ് കിരോഡി മാല്‍ കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ അവകാശവാദം.
തന്റെ ആരോപണത്തില്‍ കേരള സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് തന്റെ വിഷയമല്ല. ഡെൽഹി സര്‍വകലാശാലയിലെ പ്രവേശനം അട്ടിമറിക്കപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ ആരോപണം ഡെൽഹി സര്‍വകലാശാല അന്വേഷിക്കണമെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആവശ്യപ്പെട്ടു.
അതിനിടെ ‘മാര്‍ക്ക് ജിഹാദ്’ പരാമര്‍ശം നടത്തിയ ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു. ആര്‍എസ്‌എസുമായി ബന്ധമുള്ള സംഘടനാ നേതാവ് കൂടിയാണ് രാകേഷ് കുമാര്‍ പാണ്ഡെ.