​കെഎസ്​ആര്‍ടിസി ടെര്‍മിനലിന് ബലക്ഷയം; നിര്‍മ്മിച്ചത്​ ആവശ്യത്തിന്​ കമ്പികളില്ലാതെ; പ്രവര്‍ത്തനം ഒരു മാസത്തിനകം മറ്റൊരിട​ത്തേക്ക് മാറ്റും

കോഴി​ക്കോട്​: ​ കോടികൾ ചെലവഴിച്ച്‌​ നിര്‍മിച്ച കോഴിക്കോട്​ ​കെഎസ്​ആര്‍ടിസി ടെര്‍മിനലില്‍ നിന്ന്​ പ്രവര്‍ത്തനം ഒരു മാസത്തിനകം മറ്റൊരിട​ത്തേക്ക്​ മാറ്റും.14 നിലകളുള്ള ഇരട്ട വാണിജ്യ സമുച്ചയവും ബസ്​ സ്​റ്റാന്‍ഡും ഓഫിസുമടങ്ങുന്ന 75 കോടി ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്​ ബലക്ഷയമുണ്ടെന്ന മദ്രാസ്​ ഐ.ഐ.ടിയുടെ പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്​ പ്രവര്‍ത്തനം മാറ്റുന്നത്​.

തിരുവനന്തപുരത്ത്​ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം. ഇതുസംബന്ധിച്ച്‌​ ഗതാഗതമ​ന്ത്രി ആന്‍റണി രാജുവും നിര്‍ദേശം നല്‍കി. മറ്റൊരു സര്‍ക്കാര്‍ സംരംഭമായ കെ.ടി.ഡി.എഫ്​.സി​യാണ്​ ​കെ.എസ്​.ആര്‍.ടി.സിയു​ടെ ഭൂമിയില്‍ സമുച്ചയം നിര്‍മിച്ചത്​. നിര്‍മാണം അശാസ്​ത്രീയമാണെന്ന്​ ജനപ്രതിനിധികളടക്കം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു.

ആവശ്യത്തിന്​ കമ്പികള്‍ ഉപയോഗിച്ചിട്ടില്ലെന്ന്​ മദ്രാസ്​ ഐ.ഐ.ടിയിലെ സ്​ട്രക്​ചറല്‍ എന്‍ജിനീയറിങ്​ വിദഗ്​ധനായ അളകപ്പ സുന്ദരത്തി​ന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന്​ ആളുകള്‍ എത്തുന്ന ടെര്‍മിനലിലെ ബസ്​സ്​റ്റാന്‍ഡ്​ എത്രയും പെ​ട്ടെന്ന്​ മാറ്റാനാണ്​ നിര്‍ദേശം. ​കെട്ടിടം 30 കോടി രൂപ ഉപയോഗിച്ച്‌​ ബലപ്പെടുത്തും. ​

ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. മൂന്ന്​ മാസത്തിനകം അറ്റകുറ്റപ്പണി നടത്താനാണ്​ ഉദ്ദേശിക്കുന്നത്​. സ്​റ്റാന്‍ഡ്​ എവിടേക്കാണ്​ മാറ്റു​ന്നതെന്ന്​ തീരുമാനമായിട്ടില്ല. നേരത്തേ, ​ടെര്‍മിനലി​ന്‍റെ പണി നടന്നപ്പോള്‍ പാവങ്ങാട്​ താല്‍ക്കാലിക ഡിപ്പോ ഒരു​ക്കിയിരുന്നു. ഇവിടെ സ്ഥലസൗകര്യമുണ്ടെങ്കിലും രണ്ടു ഭാഗത്തേക്കുമായി 17 കി.മീ ബസുകള്‍ ഓടിക്കണം. വന്‍തുകയു​ടെ ഡീസല്‍ ചെലവാകും. നഗരത്തില്‍ ​കെ.എസ്​.ആര്‍.ടി.സിക്ക്​ സ്വന്തമായി സ്ഥലമുള്ളത്​ നടക്കാവ്​ വര്‍ക്ക്​ഷോപ്പിലാണ്​.

നുറുക്കണക്കിന്​ ബസുകള്‍ വന്നുപോകുന്നതോടെ സമീപത്തെ വയനാട്​ റോഡില്‍ വന്‍ഗതാഗതക്കുരുക്കുണ്ടാകും. ഇവിടേക്ക്​ രണ്ടു​ ഭാഗത്തേക്കുമായി അഞ്ചു കി.മീ ദൂരമുണ്ട്​. മറ്റ്​ സ്ഥലങ്ങളും പരിഗണനയിലുണ്ട്​. ​കെട്ടിടം രൂപകല്‍പന ചെയ്​ത ആര്‍ക്കി​ടെക്​ടി​ന്‍റെ പോരായ്​മകളടക്കം നിലവിലെ വിജിലന്‍സ്​ അന്വേഷണത്തിലുമുള്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ്​ അധികൃതര്‍ നിര്‍ദേശം നല്‍കി.

വര്‍ഷങ്ങളായിട്ടും ഒരു സ്ഥാപനം പോലും തുറക്കാത്ത വാണിജ്യസമുച്ചയമാണിത്​. അടുത്തിടെ ഈ സമുച്ചയത്തി​ന്‍റെ നടത്തിപ്പ്​ ഒരു സ്വകാര്യ കമ്ബനിക്ക്​ കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ ഒരു സ്ഥാപനവും ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 75 കോടിയുടെ വായ്​പ പലിശയടക്കം 125 കോടിയായി ഉയര്‍ന്നിട്ടുണ്ട്​. അറ്റകുറ്റപ്പണിക്കുള്ള തുകയും വായ്​പയിലൂടെ കണ്ടെത്തേണ്ടി വരും.